9-October-2023 -
By. Business Desk
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാള്‍.ലുലു ഗ്രൂപ്പിന്റെ 258മത്തെതും യു.എ.ഇ.യിലെ 104മത്തേതുമാണ് ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികള്‍, ബേക്കറി, ഐ.ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാര്‍ന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.ലോകപ്രശസ്തമായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
ദുബായ് ഡൗണ്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരും നാളുകളില്‍ തുടങ്ങും. അടുത്ത വര്‍ഷം അവസാനത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു.ലുലു ഗ്രൂപ്പിന് നല്‍കി വരുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്ക് യു.എ.ഇ. യിലെ ഭരണാധികാരികള്‍ക്കും, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ അവസരം നല്‍കിയതില്‍ ദുബായ് മാള്‍ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പര്‍ട്ടീസിനും അതിന്റെ സ്ഥാപകനും ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറിനും പ്രത്യേക നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു
ലോക പ്രശസ്തമായ ബുര്‍ജ്ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍പ്പരം സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബൈ മാള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണ്. ദുബൈ മാള്‍ പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഷോപ്പിങിനും സന്ദര്‍ശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബൈ മാളിനുണ്ട്. പത്ത് കോടി സന്ദര്‍ശകരാണ് വര്‍ഷത്തില്‍ ദുബായ് മാളിലെത്തുന്നത്.ദുബായ് മാള്‍ സബീല്‍ പാര്‍ക്കിംഗ് വഴിയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം.ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, റിജിയണല്‍ ഡയറക്ടര്മാര്‍മാരായ ജയിംസ് വര്‍ഗീസ്, തമ്പാന്‍ കെ പി എന്നിവരും സംബന്ധിച്ചു.